“കൊട എടുത്തിട്ട് പോ” ഓടിൻ പാത്തികളിൽ നിന്ന് ആദ്യത്തെ മഴത്തുള്ളി ദേഹത്ത് വീഴുന്നതിനു തൊട്ടു മുൻപ് ഉമ്മയുടെ ശബ്ദം കെട്ടു പുറകിൽ. ഇഞിപ്പൊ അതിനൊന്നും നേരല്ലാന്ന് ഞാനും. മഴ നന്നായി കോരിച്ചൊരിയുന്നു. അരയിൽ മടക്കിക്കുത്തിയ പുള്ളിത്തുണി അയഞു തുടങി എന്നൊരു പേടി. മടിയിൽ പൊതിഞ്ഞു വച്ച മൊബൈൽഫോണും പേഴ്സും കേട് വന്നാലോ എന്ന പേടി മനസ്സിൽ കുടിയിരിക്കുന്നതിനു മുൻപേ കേഴക്കോറത്തെ ചെറിയ വാതിൽ പാളികളില്ലാത്ത ഗേയ്റ്റും കടന്ന് വേള്ളമൊലിക്ക്ക്കുന്ന എടേയിലെത്തിപ്പോയി. ഇഞ്ഞിപ്പൊ നോക്കീറ്റ് കാര്യല്ല. പേഴ്സും മൊബൈലും ഒന്നും കൂടി ആഞ്ഞ് മടക്കി പുള്ളിത്തുണി ഒന്ന് മുറുക്കി. നെരിയാണി വരെ വെള്ളമുണ്ട് എടേയില്. മഴ മോത്ത് അടിക്കാൻ തുടങ്ങി. കറുത്ത പുൾൾ ഓവറിൻടെ ഹുഡ് എട്ത്ത് തലക്ക് മേലേക്ക് വലിച്ചു. പുള്ളിത്തുണിയും പുൾൾ ഓവറും.ചിന്തിക്കാൻ കിട്ടുന്ന സമയത്തിന്റെ വല്ല്യ പങ്കും ചെലവാക്കിപ്പോരുന്ന ആ വിചാരത്തിലേക്കു തന്നെ ചെന്നെത്തി മനസ്സ്. ഇവിടെയും അവിടെയുമല്ലാതെ, കെഴക്കും പടിഞ്ഞ്ഞാരുമല്ലാതെ, ഈ ഗ്രാമത്തിലോ കടലിനടുത്ത വൻ നഗരത്തിലോ അല്ലാതെ. ഞാൻ എവിട്ത്ത്കാരനാ? ഖൽബിലെവിടൊയൊക്കെയോ ഒരു നീറ്റൽ.
റോട്ടിൽ എത്താൻ നല്ലത് അയൽവാസികളുടെ കേഴക്കേ മുറ്റത്ത്ക്കൂടി ഓടുന്നതാണ് എന്നൊറപ്പിച്ച് എടത്തോട്ട് തിരിഞ്ഞ് നടക്കാൻ തുടങ്ങി. മുറ്റത്ത് കേരീതും സിമന്റിട്ട നെലത്തു സൂക്ഷിച്ച് നടന്നില്ലെങ്കിൽ വീഴുംന്ന് ഒറപ്പായി. ഓട്ടം നടക്കൂല്ല. വീഴാൻ ഏതായാലും ഇന്നെക്കൊൺട് വയ്യ. അടുത്താഴ്ച്ച തിരിച്ച് പോവാന്ള്ളതാണ്. ഒരു മാതിരി ചതുരങ്ങളായി നൂലും ചട്ടകും കൊൺട് മേസ്രി വരച്ചിട്ട മുറ്റത്ത് വീഴാതിരിക്കാൻ കാല് സൂക്ഷിച്ച്ട്ത്തെച്ച് നാലഞ്ചടി വച്ചപ്പൊ ചെറ്തായി ചിരി വന്നു. ഈ നടത്തം ആരെങ്കിലും കണ്ടാലൊരു കൊക്കിന്റെ മാതിരിൺടാകും. “കൊക്ക്” - ആ പേരും ഒരു പാട് കാര്യങ്ങളെ ഓർമ്മിപ്പിച്ചു. ഒരെട്ടുപത്ത് കൊല്ലം മുമ്പ് പെട്ടെന്ന് കൊറേ ഉയരം വെക്കാൻ തൊടങ്ങ്ങിയപ്പൊ കൂടെ കളിച്ചിരുന്നവർ ഇട്ടു നൽകിയ പേര്. കൂടെ കളിച്ചിരുന്ന എന്നാൽ ഒരിക്കലും കൂട്ടുകാരല്ലാതിരുന്ന കൊറേ ആൾക്കാര്. അപ്പൊ കൂട്ടുകാരൊക്കെ എവ്ടേര്ന്നു? കൂടെ പാടത്തും പരമ്പിലൊക്കെ കളിച്ചിരുന്നവരൊക്കെ നമ്മളെ സ്കൂളവധിക്ക് മാത്രമേ കണ്ടിരുന്നുള്ളു. അവരെ നമ്മളും. കൂട്ടുകാരൊക്കെ എവിടെ? അവിടെയോ ഇവിടെയോ? കിഴക്കോ…
ഈ വിചാരം നിർത്താൻ സമയമായി. മഴ സഹായിച്ചത് കൊണ്ട് പാടത്തും തോട്ടിലും ഇഷ്ടം പോലെ വെള്ളമുണ്ട്. വ്വെള്ളത്തിൽ ചാടാൻ പോണം. കൂടെ പോകാനുള്ളത് നമ്മളെക്കാൾ അഞ്ചാറ് വയസ്സ് കൊറഞ്ഞ ചെക്കൻമാരാണ്. പ്രായത്ത്തില് മാത്രല്ല വിത്ത്യാസം. ഫുട്ബാളല്ലാത്ത ഒരു കാര്യത്തിലും അവർക്കും നമ്മൾക്കും പൊതുവായ താൽപര്യങ്ങളില്ല. ഫുട്ബോൾ, തോട്, പാടം - ഇത്രയെങ്കിലും പൊതുവായ താൽപര്യമുള്ളവരല്ലേ. അവരെങ്ക്കിലും ഉണ്ട്.
കൂട്ടുകാരൊക്കെ തിരക്കിലാണ്. ജോലിയുടെ, ഉമ്മാനെ ആശുപത്രിയില്‍ കൊണ്ട് പോവ്ണീന്റെ, കുട്ടികളെ ഡൊക്ടറെ കാട്ട്ന്നതിന്റെ. നമ്മളിപ്പൊളും ഫൂട്ബാൾ, പാടം, തോട്. അതോണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നംൻടായിട്ടല്ല. നമ്മളെ സ്നേഹിക്കുന്ന കൊറേ ആൾക്കാർക്ക് നമ്മള്ങ്ങനെ സന്തോഷായി നടക്ക്ണത് കൺടൂട. പിന്നെ കൊറേ ആൾക്കാര്‍ക്ക് ചായപ്പീടീലോ റോട്ടിലോ നമ്മളെ കാണുമ്പൊ ഒന്ന് ഉപദേഷിക്കാന്ള്ള ഒരു വെംപൽ. പച്ച കരള്ള തോർത്ത് തോളത്ത് അലസമായി ചുറ്റി വെള്ളത്തുണിയുടെ താഴെ കര വലത്തേ കയിൽ പിടിച്ച് കാക്ക ഒരു ചോദ്യണ്ട് “കല്യാണം എന്നാ കുട്ട്യേ?”. ആ ചോദ്യത്തിന് നമ്മൾ ആലോചിച്ച്ണ്ടാക്കിയ ഉത്തരം മൂപ്പര് കേട്ടാല്‍ മിക്കവാറും ഞങ്ങള്‍ രണ്ടാളും പിന്നെ നേര്‍ക്ക് വർത്താനം പറ്യാൻ സാധ്യത ഇല്ല. അത് കൊണ്ട് നമ്മള് നല്ല ഭംഗിയായി പല്ലൊക്കെ കാട്ടി ചിരിച്ച് പറയും “അതൊക്കെ ണ്ട്. സമയാവുമ്പൊ ങ്ങളോട് പറയാ”. ഈ ചോദ്യത്തിന് വെലങ്ങ്ടാന് നമ്മളെ ഒരു സഖാവ് ഇങ്ങനെ ചോയ്ക്കേര്ന്നു - “കാക്കാ, ങ്ങളെ മോളെ കെട്ടിച്ച് തരോ?”. നമ്മള് ആ ചോദ്യങാനും ചോയ്ചാ വല്ല ഫാത്തിമ ഹുമയോ ഹഫ്സ മുഹമ്മദോ നമ്മളെ കെട്ടി പേര് ഫാത്തിമ അലീന്നോ ഹഫ്സ അലീന്നോ ഒക്കെ ആക്കി മാറ്റാൻ പത്രത്തില്‍ പരസ്യം കൊടുത്തിട്ടുണ്ടാവുമായിരുന്നു.
നമ്മൾക്ക് മഴയോട് വല്ല്യ ഇഷ്ടാണ്, ഒരു പക്ഷെ ഭയങ്കര ഇഷ്ടാണ്. കൊറേ ആൾക്കാര്‍ക്ക് മഴ ഒരു എടങേറാണ്. അസുഖങ്ങള്‍ കോറേള്ള ആൾക്കാർക്ക് മഴ തണുപ്പിന്റെ, ചുമയുടെ, പേടിപ്പിക്ക്ണ നനവ്ള്ള, ചായപ്പീടീക്കോ (ആണാണെങ്കില്‍) അപ്പൊറത്തെ വടക്കിണീക്കോ (പെണ്ണാണെങ്കില്‍) നടക്കാന്ള്ള സ്വാതന്ത്ര്യം മൊടക്കിയായ ഈബ്ലീസാണ്.
മഴ, അതിങ്ങനെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ അങ്ങനെ പെയ്യുന്നു.